കോവിഡ്: വൈറസ് വ്യാപനം കുറയുന്നത് 14 രാജ്യങ്ങളില്‍ മാത്രമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് വ്യാപിക്കുമ്പോള്‍ വൈറസിന്റെ വ്യാപനം കുറയുന്നത് ലോകത്തിലെ 14 രാജ്യങ്ങളില്‍ മാത്രമെന്ന് നിഗമനം. ബാക്കിയിടങ്ങളിലെല്ലാം വൈറസ് വ്യാപനം കെട്ടടങ്ങാന്‍ കുറച്ചു സമയം കൂടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ വികസിപ്പിച്ച ഗണിതശാസ്ത്ര മാതൃകയാണ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥാ പ്രവചനത്തിലും സാമ്പത്തിക നിഗമനങ്ങളിലും മാത്രം പരീക്ഷിക്കുന്ന നൗ കാസ്റ്റിങ് (ഫോര്‍കാസ്റ്റിങ്ങിന്റെ മറ്റൊരു രീതി) എന്ന സങ്കേതമാണ് രോഗവ്യാപനം പ്രവചിക്കുന്നതിലും ഉപയോഗിച്ചത്.

വൈറസിന്റെ പ്രത്യുല്‍പ്പാദന സംഖ്യ (ആര്‍ഒ) ഒന്നില്‍ കൂടുതലാണെങ്കില്‍ രോഗിയായ ആള്‍ക്ക് കുറഞ്ഞത് ഒന്നിലേറെ പേരിലേക്ക് രോഗാണുവിനെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ആര്‍ഒ നിരക്ക് ഒന്നാണെങ്കില്‍ കുറഞ്ഞത് ഒരാളിലേക്കെങ്കിലും വ്യാപനം ഉറപ്പ്. എന്നാല്‍ ആര്‍ഒ സംഖ്യ ഒന്നില്‍ താഴെയാണെങ്കില്‍ സാവധാനം കുറഞ്ഞു വന്ന് രോഗവ്യാപനം ഇല്ലാതാകും. ഈ കണക്കനുസരിച്ച് 14 രാജ്യങ്ങളില്‍ മാത്രമാണ് ആര്‍ഒ നിരക്ക് ഒന്നില്‍ താഴേക്ക് പിടിച്ചുനിര്‍ത്താനായത്.

ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ഈ നിരക്ക് ഒന്നിനും അതിനു മുകളിലുമായി മാറിമറിഞ്ഞു നില്‍ക്കുകയാണെന്ന് വൈറ്റല്‍ സ്ട്രാറ്റജീസ് എന്ന ഏജന്‍സി പറഞ്ഞു. ബംഗ്ലദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വര്‍ധിക്കാനാണു സാധ്യത. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും പൊതു ജീവിതവും വ്യാപാരവാണിജ്യഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും പെട്ടെന്ന് പഴയ നിലയില്‍ പുനരാരംഭിച്ചാല്‍ ചൈനയില്‍ രണ്ടാംഘട്ട വൈറസ് വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

യുഎസില്‍ സാമൂഹിക അകലവും ഭാഗിക ലോക്ഡൗണും മറ്റും നടപ്പിലാക്കിയതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വ്യാപനതോത് കുറയ്ക്കാന്‍ കഴിഞ്ഞു. പകര്‍ച്ചവ്യാധികള്‍ 36 മണിക്കൂറിനുള്ളില്‍ ലോകത്തെവിടേക്കും വ്യാപിക്കുന്ന സ്ഥിതിയായിരുന്നു ലോക്ഡൗണിന് മുന്‍പ്. പ്രതിദിനം 1.02 ലക്ഷത്തോളം രാജ്യാന്തര വിമാന സര്‍വീസുകളാല്‍ ബന്ധിക്കപ്പെട്ടിരിക്കയായിരുന്നു ലോകമെന്നതിനാലാണ് ഇതെന്നു വൈറ്റല്‍ സ്ട്രാറ്റജീസ് വ്യക്തമാക്കി.

SHARE