കടകള്‍ക്കുമുന്നില്‍ കള്ളികളും വൃത്തങ്ങളും; അച്ചടക്ക നടപകളുമായി ഉടമകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ(കോവിഡ്-19)യുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ആവശ്യസാധനങ്ങളുടെ വിനിമയം തുടരുകയാണ്. എന്നാല്‍ കടകളില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്ന
ആളുകളെ അകലം പാലിക്കുന്നതിന് നടപകളുമായി ഉടമകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കടകള്‍ക്കുമുന്നില്‍ കള്ളികളും വൃത്തങ്ങളും വരച്ച് ആളുകളെ അകറ്റി നിര്‍ത്തി അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഉടമകള്‍ നടത്തുന്നത്. സ്വയംനിയന്ത്രിക്കാന്‍ കഴിയാത്തവരോട് കടകളില്‍ വരുമ്പോള്‍ സാമൂഹികഅകലം പാലിക്കാന്‍ പറയുന്നത് ബുദ്ധിമുട്ടാണെന്നിരിക്കെയാണ് അതിനെല്ലാം പോംവഴി കണ്ടെത്തി ചില വ്യാപാരികള്‍ രംഗത്തെത്തിയത്്. സാമൂഹിക അകലം പാലിക്കാന്‍ രൂപം കൊണ്ട് പുതിയ രീതിയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

അത്ഭുതകരമായ അച്ചടക്ക മാതൃക എന്നാണ് ഇത്തരം ചിത്രങ്ങളോട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതികരിച്ചത്.
എനിക്ക് ഇത്തരം ഫോട്ടോഗ്രാഫുകള്‍ ലഭിച്ചു. പഞ്ചാബികളുടെ അത്ഭുതകരമായ അച്ചടക്കം. വീട്ടില്‍ തന്നെ തുടരുക, സ്വയം സുരക്ഷിതമായി സൂക്ഷിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും അവശ്യവസ്തുക്കള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി അഡ്മിനിസ്‌ട്രേഷനും പോലീസും പ്രവര്‍ത്തിക്കുന്നു, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ ട്വീറ്റ് ചെയ്തു.

ചിലയിടത്ത് വൃത്താകൃതിയിലും ചിലര്‍ ചതുരം വരച്ചുമെല്ലാം സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാക്രമത്തില്‍ ഈ വൃത്തം കടന്ന് എല്ലാവര്‍ക്കും കടയില്‍ പ്രവേശിക്കാം. നേരത്തെ കേരളത്തിലെ ചില ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും സമാനരീതിയില്‍ സ്ഥാനം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.