ദുബായ്: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിന് അടുത്ത വര്‍ഷം മദ്ധ്യത്തോടെ ലഭ്യമാകുമെന്ന് വിഖ്യാത എപിഡമോളജിസ്റ്റും ആഗോള വാക്സിനേഷന് അലയന്‍സായ ഗവിയുടെ സി.ഇ.ഒയുമായ ഡോ. സേത് ബെര്ക്ലെ. രാജ്യങ്ങള്‍ തമ്മിലുള്ള ഡാറ്റ പങ്കുവയ്പ്പും അന്താരാഷ്ട്ര സഹകരണവുമാണ് ഇത്ര വേഗത്തില്‍ വാക്സിന് സാദ്ധ്യമാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഖലീജ് ടൈംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെര്ക്ലെ.
ഒരു വാക്സിന് വികസിപ്പിക്കുക എന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. സാധാരണ ഗതിയില്‍ ഇതിനായി 10-15 വര്‍ഷമെടുക്കും. ഉദാഹരണത്തിന് എബോള. രാഷ്ട്രങ്ങള്‍ക്കിടയില്‍ അസാധാരണമായ സഹകരണം ഉണ്ടായിട്ടു പോലും ഒരംഗീകരിച്ച വാക്സിന് ഉണ്ടാകാന്‍ അഞ്ചു വര്‍ഷം വേണ്ടി വന്നു. അതിലേറെ സഹകരണം ഉള്ളതു കൊണ്ടാണ് നമുക്കിപ്പോള്‍ 12-18 മാസങ്ങള്‍ കൊണ്ട് വാക്സിന് ഉണ്ടാക്കാന്‍ കഴിയുന്നത്. വാക്സിനുകളുടെ ചരിത്രം നോക്കുമ്പോള്‍ അവിശ്വസനീയമായ വേഗമാണിത്. അതിന് ഭാഗ്യവും മറ്റ് അനേകം ഘടകങ്ങളും വേണം- അദ്ദേഹം പറഞ്ഞു.
എല്ലാ ശ്രമങ്ങളും സമ്പൂര്‍ണ്ണമായി വിജയകരമാകും എന്ന് പ്രവചിക്കാന്‍ ആകില്ല. ഓരോ ശാസ്ത്രജ്ഞരുടെയും മാത്സര്യബുദ്ധി ഇതില്‍ പ്രധാനമാണ്. ശരിയായി വരാനാണ് എല്ലാ സാദ്ധ്യതയും. നൂറോളം സ്ഥാപനങ്ങളാണ് സ്വന്തം നിലയില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം വാക്സിന് വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിന്റെ അവസാന ഘട്ടങ്ങളില്‍ അനുഭവ സമ്പത്തും സൗകര്യങ്ങളും അവര്‍ക്ക് വേണ്ടി നല്‍കുക എന്നതാണ് ഞങ്ങള്‍ക്കു ചെയ്യാനുള്ളത്. എബോള വാക്സിനില്‍ ഞങ്ങള്‍ അതാണ് ചെയ്തത്- ബെര്ക്ലെ കൂട്ടിച്ചേര്‍ത്തു.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല തിങ്കളാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം 24 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 166,000 പേര് മരിക്കുകയും ചെയ്തു. അമേരിക്കയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം 760,000 പോസിറ്റീവ് കേസുകളാണ് യു.എസിലുള്ളത്.