കോവിഡിനെതിരെയുള്ള പരീക്ഷണ മരുന്ന്; 68% പേര്‍ക്കും രോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ച് അതീവഗുരുതര നിലയില്‍ കഴിഞ്ഞ ചിലരില്‍ പരീക്ഷിച്ച കലിഫോര്‍ണിയയിലെ ഗിലിയഡ് സയന്‍സസ് എന്ന മരുന്നു കമ്പനിയുടെ മരുന്ന് ഫലം കണ്ടതായി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അതേസമയം, ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു ഡോക്ടര്‍മാരെ ഉദ്ധരിച്ച് യുഎസ് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ്(എപി) റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട മറ്റു വൈറസുകള്‍ക്കെതിരെ ഗിലിയഡ് സയന്‍സസിന്റെ മരുന്നുകള്‍ പരീക്ഷിച്ചു വിജയിച്ചിരുന്നു. അതേസമയം, കോവിഡ്19 രോഗം ചികിത്സിക്കാന്‍ ഇതുവരെ ഒരു മരുന്നിനും അനുവാദം കൊടുത്തിട്ടില്ല. അഞ്ച് കമ്പനികളാണ് റെംഡിസിവിയര്‍ മരുന്നില്‍ പരീക്ഷണം നടത്തുന്നത്.

23 മുതല്‍ 82 വരെ വയസ്സുള്ള 53 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവിട്ടത്.മറ്റു മരുന്നു പരീക്ഷണങ്ങളെ അപേക്ഷിച്ച് ഗിലിയഡ് സയന്‍സസ് നടത്തിയ പരീക്ഷണത്തില്‍ മരണനിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. 13% മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വ്യാപകമായി മരുന്ന് പരീക്ഷിച്ചാലേ ഈ വസ്തുത ഉറപ്പിക്കാനാകൂയെന്നും ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

SHARE