പി.വി നജീബ്
റഷ്യ-അമേരിക്ക രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്പുടിനിക്‌വി. ലോകം പകച്ചുനില്‍ക്കുന്ന കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം റഷ്യ സ്വന്തമാക്കുമ്പോള്‍ മറ്റൊരു പ്രതികാരത്തിന്റെ ഓര്‍മ്മകള്‍ കൂടിയുണ്ട്. അമേരിക്കയുടെമേല്‍ റഷ്യയുടെ വിജയമായിട്ടാണ് ഈ വാക്‌സിനെ വിലയിരുത്തുന്നത്. സാങ്കേതിക വിദ്യയുടെയും സമ്പത്തിന്റെയും കണക്കുപറഞ്ഞുള്ള ശീതയുദ്ധം നടക്കുന്ന സമയത്ത് ലോകം അമേരിക്കയില്‍ കേന്ദ്രീകരിച്ചു തുടങ്ങിയ സമയത്ത് അമേരിക്കയെ ഭയപ്പെടുത്തി റഷ്യ (പഴയ സോവിയറ്റ് യൂണിയന്‍) ബഹിരാകാശത്തേക്ക് ആദ്യ പേടകം അയച്ചു. സ്പുട്‌നിക് 1 എന്നായിരുന്നു അതിന്റെ പേര്. അതിന്റെ മധുര സ്മരണ പുതുക്കാനെന്ന തരത്തിലാണ് കോവിഡ് വാക്‌സിന് ഇത്തരമൊരു പേര് റഷ്യ ഇട്ടത്. മഹാമാരിക്കു പ്രതിരോധമെന്ന നിലയില്‍ തങ്ങള്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യ വാക്‌സിന് എന്തു പേരിടണമെന്ന കാര്യത്തില്‍ റഷ്യക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്.
1957 ഒക്ടോബറിലാണ് സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്1 വിക്ഷേപിക്കുന്നത്. ലോകത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തിയെ മറികടന്നാണ് അന്ന് സോവിയറ്റ് യൂണിയന്‍ നേട്ടമുണ്ടാക്കുന്നത്. ലോക രാജ്യങ്ങളെ ഞെട്ടിച്ചതായിരുന്നു ഈ സംഭവം. സമാനമായ സാഹചര്യമാണ് ഇപ്പോഴും. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുമായി അമേരിക്ക മുന്നോട്ട്‌പോകുന്നതിനിടെയാണ് റഷ്യ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെച്ചത്. യു.എന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് മേലുള്ള വിജയം കൂടിയായാണ് റഷ്യ കൊവിഡ് വാക്‌സിന്‍ പരീക്ഷണ വിജയത്തെ വിലയിരുത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1957 ഒക്ടോബര്‍ 4ന് സോവിയറ്റ് യൂണിയന്റെ ആദ്യ ബഹിരാകാശ വാഹനം സ്പുടിനിക് 1, ലോകത്തിന് അത്ഭുതം സമ്മാനിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ 98 മിനിട്ട് ചുറ്റിക്കറങ്ങി. ഒരു മാസം കഴിഞ്ഞ് നവംബര്‍ 3 ന് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക്2, ലൈക എന്ന പേരുള്ള നായ സഹിതം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചു. ഇതോടെ മോസ്‌കോ ബഹിരാകാശ പര്യവേഷണ രംഗത്ത് മേല്‍ക്കോയ്മ നേടുമെന്ന ചിന്ത അമേരിക്കയുടെ ഉറക്കംകെടുത്തി. തങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കത്തിനുപോലും ഈ ശാസ്ത്ര നേട്ടം ഉപയോഗപ്പെടുത്തുമോയെന്ന് അവര്‍ ഭയപ്പെട്ടു. 1958 ജൂലൈ 29ന് യു.എസ് കോണ്‍ഗ്രസ് സോവിയറ്റ് യൂണിയനെതിരെയുള്ള ഉത്തരമെന്ന നിലയില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) രൂപീകരണത്തിന് അനുമതി നല്‍കിയിരുന്നു. അമേരിക്കയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ പാകപ്പിഴകള്‍ ശരിയാക്കുക എന്നതായിരുന്നു സിവിലിയന്‍ ഏജന്‍സിയായ നാസയുടെ പ്രധാന ലക്ഷ്യം. ബഹിരാകാശ മത്സരത്തിന്റെ വിളംബരം കൂടിയായിരുന്നു നാസയുടെ രൂപീകരണത്തോടെ അമേരിക്ക നല്‍കിയത്. പിന്നീട് നിരവധി വിക്ഷേപണങ്ങളിലൂടെ റഷ്യക്ക് കടുത്ത മറുപടി നല്‍കാനും അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ വാക്‌സിന്റെ പ്രഖ്യാപനത്തോടെ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോടും അദ്ദേഹത്തിന്റെ നയങ്ങളോടും കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന പാശ്ചാത്യ രാജ്യങ്ങളും അമേരിക്കക്കൊപ്പം റഷ്യയുടെ ഏറ്റവും പുതിയ നേട്ടത്തെ അംഗീകരിക്കാന്‍ ഇനിയും മുന്നോട്ടു വന്നിട്ടില്ല. ‘സ്പുട്‌നിക് വി’ എന്ന കോവിഡ് പ്രതിരോധ വാക്‌സിന് 20 രാജ്യങ്ങളില്‍നിന്നായി 100 കോടി ഡോസുകള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നതെന്നു റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് വ്യക്തമാക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കോവിഡിനെതിരായ വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെയാണു സ്പുടിനിക് എന്ന പേര് സൂചിപ്പിക്കുന്നതെന്ന് ദിമിത്രിയേവ് പറഞ്ഞു. രണ്ടു വര്‍ഷത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സ്പുട്‌നിക് വി വാക്‌സിനു കഴിയുമെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം. ജൂണ്‍ 17നാണ് മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയത്. പരീക്ഷണവിധേയരായ 38 പേരും പ്രതിരോധശേഷി ആര്‍ജിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വൈറസിനോട് സാമ്യമുള്ള മറ്റൊരു വൈറസില്‍ ജനിതക മാറ്റം വരുത്തിയാണ് റഷ്യ പുതിയ കോവിഡ് വാക്‌സിന്‍ സൃഷ്ടിച്ചിരിക്കുന്നത്. ശരീരത്തില്‍ കുത്തിവെക്കുമ്പോള്‍ ഇതു പ്രതികരണം ഉണ്ടാക്കുമെങ്കിലും രോഗകാരണമാകുന്നില്ല. റഷ്യക്കൊപ്പം വാക്‌സിന്‍ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷക സംഘവും ഇതേ ദിശയിലാണ് മുന്നേറുന്നത്. ബ്രിട്ടനിലും അമേരിക്കയിലുമടക്കം പല രാജ്യങ്ങളിലായി കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഈ രംഗത്തെ റഷ്യയുടെ മുന്നേറ്റത്തില്‍ അവര്‍ അസ്വസ്ഥരാണെന്നതും സത്യം. തങ്ങളുടെ ഗവേഷണ ഫലം റഷ്യ ചോര്‍ത്തിയെന്ന ആരോപണം നേരത്തെ ബ്രിട്ടന്‍ ഉന്നയിച്ചിരുന്നു. വാക്‌സിന്‍ പരീക്ഷിക്കുന്ന ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ പരീക്ഷണ വിധേയരായ കുരങ്ങുകളിലും മനുഷ്യരിലും ഇത് കോവിഡ്19 നെ പ്രതിരോധിക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചെന്നു റഷ്യ നേരത്തേ തന്നെ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഇതുസംബന്ധിച്ച് ആവശ്യമായ ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യന്‍ ഗവേഷകര്‍ തയാറായില്ല. വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വാക്‌സിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതു സംബന്ധിച്ച വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിരുന്നു. ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗാണ് വാക്‌സിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളത്. തനിയെ പെരുകാന്‍ സാധിക്കുന്ന പദാര്‍ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത്. എന്നാല്‍ വാക്‌സിനിലുള്ള തരത്തിലുള്ള പദാര്‍ഥങ്ങള്‍ക്ക് തനിയെ പെരുകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വാക്‌സിന് ലഭിച്ചിട്ടില്ല. വാക്‌സിന്‍ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുന്നതും സുരക്ഷിതവുമാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് പറയുന്നത്. വാക്‌സിന്റെ ആദ്യ ഡോസ് തന്റെ മകള്‍ക്കുതന്നെ കൊടുത്ത് മാതൃകയാകുകയും ചെയ്തു പുടിന്‍.
റഷ്യയുടെ വാക്‌സിന്‍ പുറത്തുവന്നതോടെ ഉണ്ടായ പുതിയ ചേരിതിരിവ് ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം. കോവിഡിന് ശേഷമുള്ള ലോകം ആരുടെ നിയന്ത്രണത്തിലാകുമെന്ന ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കേയാണ് വാക്‌സിന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റഷ്യയുടെ കടന്നുവരവ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ അമേരിക്കയും ചൈനയും തമ്മില്‍ ശീതയുദ്ധം ആരംഭിച്ചിരുന്നു. ഇരു ചേരിയിലായി നിലകൊണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇപ്പോഴും വാക്‌പോര് സജീവമാണ്. വൈറസ് ചൈന സൃഷ്ടിച്ചതാണെന്ന് അമേരിക്ക പറയുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചൈനയും രംഗത്തുണ്ട്. അതിനിടയിലാണ് റഷ്യയുടെ വാക്‌സിന്‍ പ്രഖ്യാപനം. കോവിഡ് വൈറസിനൊപ്പം രാഷ്ട്രീയ വൈറസുകളെ പിടിച്ചുകെട്ടാനും ലോകാരോഗ്യ സംഘടന ഇടപെടേണ്ട സാഹചര്യമാണുള്ളത്.