കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയതായി അമേരിക്കന്‍ മരുന്ന് കമ്പനി

കൊറോണ വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്ന് അമേരിക്കന്‍ മരുന്ന് കമ്പനി. കാലിഫോര്‍ണിയയിലെ സൊറെന്റൊ തെറാപ്യൂട്ടിക്‌സ് എന്ന മരുന്നു കമ്പനിയാണ് വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡ് വികസിപ്പിക്കാനായെന്നാണ് പറയുന്നത്. ഇവരുടെ എസ്.ടി.ഐ1499 എന്ന ആന്റിബോഡിക്ക് വൈറസിനെ കോശങ്ങള്‍ക്കുള്ളിലേക്ക് കയറുന്നതില്‍നിന്ന് തടയാന്‍ 100% സാധിച്ചുവെന്നാണ് അവകാശവാദം.

ലാബില്‍ നടന്ന പരീക്ഷണങ്ങളിലാണ് ഈ വിജയം കൈവരിച്ചത്. എന്നാല്‍ മനുഷ്യരില്‍ ഈ മരുന്ന് പരീക്ഷിച്ചിട്ടില്ല. എന്നാല്‍ മരുന്നിന് അംഗീകാരം നേടുന്നതിനായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡിനെതിരായ മരുന്നിന്റെ രണ്ടു ലക്ഷം ഡോസ് ഒരു മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാക്കുമെന്നാണ് കമ്പനി പറയുന്നത്. അങ്ങിനെയെങ്കില്‍ നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കോവിഡ് വാക്‌സിനുകളേക്കാള്‍ വേഗത്തില്‍ ഇവ വിപണിയിലെത്തും.

ഒരു താത്കാലിക വാക്‌സിന്‍ പോലെ പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ ആന്റിബോഡിക്ക് സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ രോഗം ബാധിക്കാത്തവരില്‍ മാത്രമേ ഇത് പ്രതിരോധം തീര്‍ക്കുകയുള്ളു. നിലവില്‍ പല രാജ്യങ്ങളിലും കോവിഡ് ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് ഗുരുതര രോഗികളെ ചികിത്സിക്കുന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും ശാസ്ത്രീയമായ പിന്തുണയില്ല. നിലവില്‍ വൈറസിനെതിരെ മരുന്ന് കണ്ടെത്താനാകാത്തതിനാല്‍ പല മാര്‍ഗ്ഗങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ പ്രയോഗിക്കുന്നത്.

SHARE