സഊദിയില്‍ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടങ്ങി 147 പേര്‍ക്ക് കൂടി രോഗം സ്ഥിരീ കരിച്ചതായി ആരോഗ്യമന്ത്രാലയം

അഷ്റഫ് വേങ്ങാട്ട്

റിയാദ് :കോവിഡ് 19 രോഗനിര്‍ണ്ണയത്തില്‍ ഇന്ന് 147 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തത്. ഇതോടെ സഊദിയില്‍ 2752 പേര്‍ രോഗബാധിതരായി. റിയാദില്‍ 56, ജിദ്ദ 27 , മക്ക 21 ,മദീന 24 , ഖത്തീഫ് 8, ദമാം 4 എന്നിവിടങ്ങളിലാണ് ഇന്ന് കേസുകള്‍ റിപ്പോര്‍ട് ചെയ്തിട്ടുള്ളത്. 38 പേരാണ് ഇതുവരെ മരിച്ചത്. 551 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായതായി മന്ത്രാലയം അറിയിച്ചു.

തലസ്ഥാന നഗരിയായ റിയാദ്, ജിദ്ദ . ദമ്മാം . തബൂക്ക് ,തായിഫ് , ഹൊഫൂഫ് , ദഹ്റാന്‍ , ഖത്തീഫ് , അല്‍ഖോബാര്‍ തുടങ്ങിയ എട്ട് നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടങ്ങി . മക്കയിലും മദീനയിലും നേരത്തെ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു . രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന കര്‍ഫ്യൂ രോഗബാധയുടെ അടിസ്ഥാനത്തില്‍ നഗരങ്ങള്‍ കണ്ടെത്തി ദീര്‍ഘിപ്പിക്കുകയാണ്. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട് ചെയ്യാത്ത മറ്റു നഗരങ്ങളില്‍ ഭാഗികമായും നിലവിലുണ്ട് .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള സ്വകാര്യ സര്‍ക്കാര്‍ ആസ്പത്രികളെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികള്‍ക്കും രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്കും ആസ്പത്രികളില്‍ പോകാമെന്നും ഇഖാമ കാണിക്കേണ്ട ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമായി നടത്തുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്കരുതലിന്റെ ഭാഗമായി പോര്‍ത്തു ജനങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌കുകളും ഗ്ലൗസും അലക്ഷ്യമായി വലിച്ചെറിയരുതെന്നും അടപ്പുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണമെന്നും ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

കഴിഞ്ഞ ദിവസം റിയാദില്‍ മരിച്ച ചെമ്മാട് സ്വദേശി സഫ്വാന്റെ കുടുംബത്തെയും ഐസൊലേഷനിലേക്ക് മാറ്റി . അവരോടൊപ്പം ഫ്‌ലാറ്റില്‍ താമസിച്ചവരെയും നിരീക്ഷണത്തിനായി ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലയാളികള്‍ക്കിടയില്‍ രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആസ്പത്രികളെ സമീപിക്കാന്‍ മടികാണിക്കരുതെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ ആരോഗ്യ അധികൃതരുടെ മുന്നിലെത്തുമ്പോള്‍ ഒന്നും മറച്ചുവെക്കാതെ കൃത്യമായ വിവരങ്ങള്‍ കൈമാറണമെന്നും റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.