24 മണിക്കൂറിനിടെ 195 മരണം; 3,900 പോസിറ്റീവ് കേസുകള്‍- കോവിഡില്‍ ആശങ്കയേറുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് റെക്കോര്‍ഡ് കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും. 3900 കേസുകളും 195 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്താകെ കൊവിഡ് ബാധിച്ചത് 46,433 പേര്‍ക്കാണ്. 12727 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്താകെ ഇതുവരെ മരിച്ചത് 1568 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് മെയ് പകുതിയോടെ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെതന്നെ നീതി ആയോഗും ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു.

ഇന്നലെ 2573 കേസുകളും 83 മരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 2487 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതീവ രൂക്ഷമായുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട്, മധ്യപ്രദേശ് എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുള്ളത്.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 376 പോസിറ്റീവ് കേസുകളും 29 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 1567 കേസുകളും 35 മരണങ്ങളുമുണ്ടായി. തമിഴ്‌നാട്ടില്‍ 527 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.