ജനസംഖ്യാനുപാതികം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇസ്രയേലില്‍; നെതന്യാഹുവിനെതിരെ വമ്പന്‍ റാലി

ജനസംഖ്യയുടെ ആനുപാതികമായി ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇസ്രയേലിലെന്ന് കണക്കുകള്‍. വേള്‍ഡ് ഇന്‍ ഡാറ്റ പട്ടികയിലെ കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷം ആളുകളില്‍ 1391.71 കേസുകളുണ്ടെന്നാണ് കണക്കുകള്‍. ഇത് സിംഗപ്പൂരിനേക്കാളും ഖത്തിറനേക്കാളും ഉയര്‍ന്നതാണെന്ന് വ്യക്തമാക്കുന്നു. വളരെ ചെറിയ ജനസംഖ്യയുള്ള ഖത്തറില്‍ ഒരു ദശലക്ഷത്തില്‍ 1,189 കേസുകളാണുള്ളത്. രാജ്യത്തെ പുതിയ കേസുകളില്‍ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

സിംഗപ്പൂരില്‍ പുതിയ 1,426 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇത് പ്രതിദിന കേസുകളിലെ റെക്കോഡാണ്. ഇതോടെ രാജ്യത്ത് കേസുകളുടെ എണ്ണം 8,014 ആയി. ഒരു ദശലക്ഷം ആളുകള്‍ക്ക് 555 കേസുകളാണ് സിംഗപ്പൂരിലുള്ളത്. നിലവില്‍ 11 പേരാണ് മരണപ്പെട്ടത്.

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഞായറാഴ്ച വന്‍ പ്രതിഷേധമാണുയര്‍ന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ പ്രകാരം നടന്ന റാലിയില്‍ മുഖംമൂടി ധരിച്ചും സാമൂഹിക അകലം പാലിച്ചും കറുത്ത കൊടിയുമായി ആയിരക്കണക്കിന് ഇസ്രായേലികള്‍ പങ്കെടുത്തു.

പ്രധാനപ്പെട്ട മൂന്ന് അഴിമതി കേസുകളില്‍ ക്രിമിനല്‍ കുറ്റാരോപണത്തിനായ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച് രണ്ടായിരത്തോളം പ്രകടനക്കാരാണ് വ്യാഴാഴ്ച വൈകുന്നേരം ടെല്‍ അവീവിലെ ഹബീമ സ്‌ക്വയറില്‍ ഒത്തുകൂടിയത്.

”സേവ് ദി ഡെമോക്രസി” എന്ന ബാനര്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ അഴിമതി ആരോപണവിധേയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേരരുതെന്ന് ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയോട് ആഹ്വാനം ചെയ്തു.