ന്യൂഡല്‍ഹി: കോവിഡ്19 കാരണം നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് ആശ്വാസവുമായി ബ്രിട്ടന്. ദക്ഷിണേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന 3000ത്തില്‍ അധികം വരുന്ന തങ്ങളുടെ പൗരന്മാര്ക്ക് മടങ്ങിയെത്താന്‍ ബ്രിട്ടന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ബ്രിട്ടിഷ് ഹൈക്കമ്മീഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ, ബെംഗലൂരു എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നായി 12 ചാര്‍ട്ടര്‍ വിമാനങ്ങളാണ് ബ്രിട്ടന് ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള ബുക്കിങ് ഇന്നുതന്നെ ആരംഭിച്ചെന്നും ബ്രിട്ടന് അറിയിച്ചു.
കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ 7978 പേര് ഇതുവരെ മരിച്ചു. 65,077 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്നലെ മാത്രം 881 പേരാണ് മരിച്ചത്. 135 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.