കോവിഡ്; രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു. കൊല്ലം, ആലപ്പുഴ സ്വദേശികളാണ് സൗദി അറേബ്യയില്‍ മരിച്ചത്.കൊല്ലം കരുനാഗപ്പള്ളി ശ്രീവര്‍ദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍ (55) ജുബൈലിലും ആലപ്പുഴ പാനൂര്‍ സ്വദേശി കുന്നച്ചന്‍ പറമ്പില്‍ മുഹമ്മദ് റഊഫ് (57) ദമ്മാമിലും മരിച്ചു.

ജുബൈല്‍ ടി.ഡബ്ല്യു.സി എന്ന കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന സുരേന്ദ്രന്‍ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നല്‍കി താമസസ്ഥലത്ത് ക്വറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിച്ച് അയക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ ജുബൈല്‍ െ്രെകസിസ് മാനേജ്‌മെന്റ് ഒരുക്കിയ ക്വറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നും പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കും മാറ്റിപാര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ചു. ഭാര്യ: ഉഷ. മക്കള്‍: സന്ദീപ് (അല്‍അഹ്‌സ), സനൂപ്.

26 വര്‍ഷമായി സൗദിയിലുള്ള മുഹമ്മദ് റഊഫ് ദമ്മാം സഫ്വയിലെ ഒരു പെട്രോള്‍ പമ്പിലാണ് ജോലിചെയ്തിരുന്നത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിയ റഊഫിനെ കോവിഡ് ചികിത്സക്ക് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരണമടയുകയുമായിരുന്നു. ഭാര്യ: ബന്‍സീറ ബീഗം. മക്കള്‍: ആമിന (15), സഫിയ (12), ആയിഷ (8).

SHARE