കോവിഡ് ആശങ്ക; തിരുവനന്തപുരത്ത് പത്ത് ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരം കര്‍ശന നിയന്ത്രണത്തിലേക്ക്. പത്തുദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ചാലയും പാളയവും ഉള്‍പ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം,പച്ചക്കറി കടകള്‍ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാര്‍ 50 % മാത്രമേ പാടുള്ളുവെന്നും തിരുവനന്തപുരം മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും കോര്‍പറേഷന്‍ മേയര്‍ അറിയിച്ചു.

SHARE