കോഴിക്കോട്: ട്രെയിന്‍ മാറി കയറിയാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം. ഇതരസംസ്ഥാനങ്ങള്‍ താണ്ടി വരുന്ന ട്രെയിനുകളില്‍ കയറിയാല്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പോവേണ്ടിവരും.ഇങ്ങനെ ട്രെയിനില്‍ കയറി വെട്ടിലാവുന്നവരുടെ എണ്ണം കൂടിവരുകയാണ്. ബുധനാഴ്ച കാസര്‍കോട്ടുനിന്ന് നേത്രാവതിയില്‍ കയറിയ 15 പേരെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതോടെ കോവിഡ് സ്‌ക്വാഡ് പിടികൂടി ക്വാറന്റീനിലയക്കുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഇടക്ക് ആവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. വെള്ളം നിറക്കാനും മറ്റും ടെക്‌നിക്കല്‍ സ്‌റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ അനധികൃതമായി വണ്ടിയില്‍ കയറി ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നവരും ഇങ്ങനെ പെടുന്നുണ്ട്. ഇതരസംസ്ഥാനങ്ങള്‍ കടന്നുവരുന്ന ട്രെയിനുകളില്‍നിന്നിറങ്ങുന്നവരെ ഹെല്‍ത്ത് സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്താണ് ക്വാറന്റീനില്‍ വിടുന്നത്. അവര്‍ എവിടെനിന്നാണ് ട്രെയിനില്‍ കയറിയത് എന്നത് വിഷയമേ അല്ല. പുറംസംസ്ഥാനങ്ങള്‍ വഴി വരുന്ന ട്രെയിനില്‍ സഞ്ചരിച്ചാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഹെല്‍ത്ത് സ്‌ക്വാഡ് യാത്രക്കാരെ കാത്തുനില്‍പുണ്ടാവും. ഇങ്ങനെ എത്തുന്നവര്‍ അവര്‍ എവിടന്നാണോ കയറിയത് അവിടേക്ക് ടാക്‌സിയില്‍ പോവേണ്ടിവരും. ഇവരെ ബന്ധപ്പെട്ട ആര്‍.ആര്‍.ടി വഴി ക്വാറന്റനിലേക്കു മാറ്റും.
അനധികൃതമായി ട്രെയിനില്‍ യാത്രചെയ്യാന്‍ ശ്രമിക്കുന്നവരും വെട്ടിലാവുന്നുണ്ട്. നിലവില്‍ കേരളത്തിനകത്ത് ശതാബ്ദി ട്രെയിനുകള്‍ മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ. മറ്റു ട്രെയിനുകളെല്ലാം ഇതരസംസ്ഥാനത്തുനിന്ന് വരുന്നതാണ്.