കോവിഡ്: തൃശ്ശൂരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത; ഉന്നതതലയോഗം വിളിച്ച് മന്ത്രി

തൃശ്ശൂര്‍: കോവിഡ് മൂലം തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത. സമ്പര്‍ക്കത്തിലൂടെ രോഗബാധയേറ്റവവരുടെ എണ്ണം വര്‍ധിച്ചതോടെ തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് സമൂഹ വ്യാപന ആശങ്ക ഏറുകയാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച മാത്രം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 25 പേര്‍ക്കാണ്. ഇതില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ തൃശ്ശൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനായി ഇന്ന് ഉച്ചയ്ക്കു ശേഷം മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേരും. എന്നാല്‍ ജില്ലയിലൊട്ടാകെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ ചില മാധ്യമങ്ങോളോടു പ്രതികരിച്ചത്. ജില്ലയില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കു പുറമെ മറ്റു പ്രതിരോധ നടപടികളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

ഇന്നലെ സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണിലെ നാലു ചുമട്ടു തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗോഡൗണ്‍ അടച്ചിട്ടുണ്ട്. ഇതിനു പുറമെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അടക്കമുള്ള അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് ആശുപത്രി സൂപ്രണ്ട് പി കെ ശ്രീജയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ഒപി ചികിത്സ അടിയന്തര ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ മറ്റു സേവനങ്ങളും നിയന്ത്രിച്ചു.

വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലെയും കൊക്കാലയിലെയും ആശുപത്രികളില്‍ ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ള മൃഗങ്ങളെ മാത്രമേ പ്രവൃത്തി സമയങ്ങളില്‍ ചികിത്സിക്കൂ എന്നാണ് അറിയിപ്പ്.

തൃശ്ശൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികള്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോര്‍പ്പറേഷന്റെ മെയിന്‍ ഓഫീസിലും സോണല്‍ ഓഫീസുകളിലും പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചു. കൗണ്‍സിലര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമേ ഓഫീസ് കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കൂ. പ്രധാന ഗേറ്റിലൂടെ പൊതുജനങ്ങള്‍ പ്രവേശിക്കുന്നതും നിയന്ത്രിച്ചിട്ടുണ്ട്.

SHARE