കൊവിഡ്: മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

അബുദാബി: കോവിഡ് ബാധമൂലം പ്രവാസി മലയാളികള്‍ മരിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചു. തലശേരി പാനൂര്‍ കൂരാറ സ്വദേശി അഷറഫ് കുവൈത്തിലും നാദാപുരം കുനിയില്‍ മജീദ് ദുബായിലും മരിച്ചു. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ ഒമാനിലാണ് മരിച്ചത്. 31 വയസായിരുന്നു.

കോവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് വിപിന്‍ സേവ്യര്‍. ഒമാനിലെ റസ്താക്ക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടു കൂടി ആറ് ഒമാന്‍ സ്വദേശികളും രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പന്ത്രണ്ടു വിദേശികളുമാണ് കോവിഡ് 19 മൂലം ഒമാനില്‍ മരണപ്പെട്ടത്.

അതേസമയം, ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ എഴുപത്തി ഏഴായി. ഗള്‍ഫില്‍ ആകെ മരണം 620 കടന്നു. 118,618പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുമണിക്കൂറിനിടെ 5,922 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

SHARE