ഇന്ത്യയില്‍ കോവിഡ് മൂന്നാംഘട്ടത്തിലേക്ക്; അതീവ ജാഗ്രത

ലോകത്ത് കോവിഡ് മൂന്നാം ഘട്ടത്തില്‍ മഹാവിപത്തായി മാറുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് മൂന്നാം
ഘട്ടത്തലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയില്‍ കോവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് വെളിവാക്കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്. ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാമ്പിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായി ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നത്.

ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഐസിഎംആര്‍ പഠനം നടത്തിയത്. മാര്‍ച്ച് 14ന് മുമ്പ് ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 15നും 21നും ഇടയില്‍ 106പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്കെ കോവിഡ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞുള്ളൂ.

പിന്നീട് ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് 22നും മാര്‍ച്ച് 28നും ഇടയില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104(1.8%) പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാനായി.

SHARE