ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ കേരളം ശരാശരിയില്‍ താഴെയെന്ന് കേന്ദ്രം. കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷത്തില്‍ 324 ആണ്, എന്നാല്‍ കേരളത്തില്‍ 212 മാത്രമാണ് നടക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. കേരളമടക്കം 14 സംസ്ഥാനങ്ങളാണ് ശരാശരിയില്‍ താഴെയുള്ളതെന്നും കേന്ദ്രം പറയുന്നു. അതേസമയം രാജ്യത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് 0.31 ശതമാനമാണ് കോവിഡ് മരണനിരക്ക്, രാജ്യത്ത് ഇത് 2.21 ശതമാനമാണ്.
അതിനിടെ സംസ്ഥാനത്ത് സെപ്റ്റംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തലുണ്ടായിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി പതിനായിരം പേരുടെ വിവരങ്ങളടങ്ങിയ പട്ടിക ആരോഗ്യസര്‍വകലാശാല ആരോഗ്യവകുപ്പിന് കൈമാറി. പുതുതായി ബിരുദമെടുത്ത 3200 ഡോക്ടര്‍മാരും 5100 നഴ്സുമാരും 2000 ഫാര്‍മസിസ്റ്റുകള്‍, 400 ലാബ് ടെക്നീഷ്യന്മാരും പട്ടികയില്‍ ഉള്‍പ്പെടും.
ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്ബതിനായിരം കടക്കും. ഇപ്പോള്‍ തന്നെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. ഇതുവരെ 20,896 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.