കോവിഡ് പരിശോധനയില്‍ ദേശീയതലത്തില്‍ കേരളം പിന്നിലെന്ന് കണക്ക്

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തള്ളി പുതിയ കണക്കുകള്‍. രാജ്യത്ത് കുറച്ച് പരിശോധനകള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെടുന്നു. അയല്‍ സംസ്ഥാനങ്ങളെല്ലാം പരിശോധന നിരക്കില്‍ കേരളത്തെ മറികടന്നെന്ന് ദേശീയതലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആകെ കൊവിഡ് പരിശോധനകള്‍ 31.26 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ദേശീയതലത്തില്‍ പ്രതിദിന പരിശോധനകള്‍ ഒരു ലക്ഷം കടന്നു. രണ്ടു ദിവസമായി ഇത് 96,000ത്തിന് മുകളിലാണ്. എന്നാല്‍ കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പരിശോധനയില്‍ ഇപ്പോഴും പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് നടത്തിയ മുപ്പത്തിയൊന്ന് ലക്ഷം പരിശോധനയില്‍ ഞായറാഴ്ച വരെ കേരളത്തില്‍ നടന്നത് 54,899 കൊവിഡ് പരിശോധനകള്‍ മാത്രമാണ്.

പത്തുലക്ഷം പേരില്‍ 1577 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി എന്നാണ് കേരളത്തിലെ കണക്ക്. പത്തുലക്ഷം പേരില്‍ രണ്ടായിരത്തില്‍ താഴെ പരിശോധനകള്‍ നടന്ന പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഈ പട്ടികയിലുണ്ട്.

1.14 ലക്ഷം കൊവിഡ് പരിശോധനകള്‍ ഒരു ദിവസം രാജ്യത്ത് നടക്കുമ്പോള്‍ കേരളത്തിലെ സംഖ്യ മെയ് 24ന് 1026ഉം, മെയ് 25ന് 1102 മാണ്. അതായത് രാജ്യത്തെ ആകെ പരിശോധനകളുടെ ഒരു ശതമാനം മാത്രമാണ് അടുത്തിടെയായി കേരളത്തില്‍ നടക്കുന്നത്. തമിഴ്‌നാട് പത്തുലക്ഷം പേരില്‍ 4233 പേരെയും കര്‍ണ്ണാടക 2163 പേരെയും പരിശോധിച്ചു കഴിഞ്ഞു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെലങ്കാന മാത്രമാണ് പരിശോധനകളുടെ എണ്ണത്തില്‍ ഇപ്പോള്‍ കേരളത്തിനു പിന്നിലുള്ളു.

പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ എണ്ണം കേരളത്തില്‍ കുറവാണ്. എന്നാല്‍ സമാനസാഹചര്യമുള്ള ഹിമാചല്‍, ജമ്മുകശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ പോലും പരിശോധനയുടെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

SHARE