സംസ്ഥാനത്ത് നാലു ജില്ലകളില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാദ്ധ്യതയെന്ന് ആരോഗ്യവകുപ്പ്. രോഗികള്‍ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നാലു ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കി. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. ക്ലസ്റ്ററുകള്‍ അതിവേഗം രൂപപ്പെടുന്നത് സൂപ്പര്‍ സ്‌പ്രെഡിലൂടെയാണെന്നും ആരോഗ്യവകുപ്പ് തയ്യാറാക്കിയ ക്ലസ്റ്റര്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

50 പേരില്‍ കൂടുതല്‍ രോഗികളുണ്ടാകുന്ന പ്രദേശത്തെയാണ് ക്ലസ്റ്ററായി തിരിക്കുന്നത്. ഇതുവരെ 47 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ഇതില്‍ തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍. തിരുവനന്തപുരത്തെയും മലപ്പുറത്തെയും ക്ലസ്റ്ററുകളില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനിടയുണ്ട്. ഇതുവരെ 15 ക്ലസ്റ്ററുകളിലാണ് രോഗം നിയന്ത്രണവിധേയമായത്. തിരുവനന്തപുരത്ത് പൂന്തുറ, ആറ്റുകാല്‍, പുത്തന്‍പള്ളി, മണക്കാട്, മുട്ടത്തറ, പാളയം എന്നിവിടങ്ങളിലായി ആറ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. കൊല്ലം11, പത്തനംതിട്ട, ആലപ്പുഴ, എറണാകുളംനാലുവീതം, മലപ്പുറം മൂന്ന്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് രണ്ടുവീതം, കോഴിക്കോട്, കാസര്‍കോട് ഒന്നുവീതം. തൃശൂര്‍ അഞ്ചിടങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

SHARE