കോവിഡ് ബാധ ഇത്ര മാരകമാകാന്‍ കാരണമെന്ത്?

ലോകം കൊറോണ വൈറസിന്റെ പിടിയിലായിട്ട് 6 മാസത്തിലേറെയായി.നവംബറില്‍ ചൈനയിലെ വുഹാനിലായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കൊറോണ ബാധ ഇത്ര മാരകമാകാന്‍ കാരണമെന്ന് നേരത്തെതന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു ലോകരാഷ്ട്രങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ ചൈന തയ്യാറായത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം മാത്രമാണെന്നാണ് നിഗമനം. ഈ സമയത്തിനുള്ളില്‍ ആയിരക്കണക്കിനു ചൈനക്കാര്‍ രോഗവും വഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.ലോകാരോഗ്യസംഘടനയില്‍ നിന്നു പോലും ശരിയായ റിപ്പോര്‍ട്ട് ചൈന ഒളിച്ചുവച്ചു എന്നതാണ് വാസ്തവം. ജനുവരി മുപ്പതിനാണ് ലോകാരോഗ്യസംഘടന കോവിഡ് ഒരു ഗ്ലോബല്‍ എമെര്‍ജെന്‍സിയായി പ്രഖ്യാപിക്കുന്നത്.

ചൈനയില്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ശേഷം വളരെ പെട്ടെന്നുതന്നെ കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് ഇരട്ടി ശക്തിയില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്കു ശേഷമാണ് ചൈന, ലോകാരോഗ്യസംഘടനയെ സമീപിക്കുന്നത്.

ജനുവരി 20ന് ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്നതാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ സമ്മതിച്ചിരുന്നു. ജനുവരി 22ന് വുഹാന്‍ സന്ദര്‍ശിച്ച ഡബ്ല്യുഎച്ച്ഒ സംഘം വുഹാനില്‍ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നതായി ഉറപ്പിക്കുകയായിരുന്നു. ചൈന വിപണിയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ കാണിച്ച നിലപാടിന് വില നല്‍കേണ്ടി വന്നത് ലോകമായിരുന്നു.

SHARE