കൊറോണ വൈറസ് പടര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ മധ്യപ്രദേശ് ഖാര്‍ഗോണ്‍ സ്വദേശികളായ യുവതിക്കും സഹോദരനുമെതിരേ പോലീസ് കേസെടുത്തു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരും നിലവില്‍ ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലാണ്.
ഖാര്‍ഗോണ്‍ ജില്ലയില്‍ മുഴുവനും തങ്ങള്‍ കൊറോണ വൈറസ് പടര്‍ത്തുമെന്നായിരുന്നു യുവതി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിലേക്കുള്ള യാത്രയ്ക്കിടെ സഹോദരനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ ഇതിന് വിശദീകരണവുമായി ഇവര്‍ രംഗത്തെത്തി. അപ്പോള്‍ തോന്നിയ ദേഷ്യവും ചില റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പറഞ്ഞതുമെല്ലാം കാരണമാണ് അത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ കാരണമെന്നായിരുന്നു യുവതിയുടെ വിശദീകരണം. യുവതിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കളായ 27 കാരിക്കും 21 കാരനും രോഗലക്ഷണങ്ങള്‍ കണ്ടത്. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അടുത്തിടെയാണ് നാട്ടിലെത്തിയത്.