കോവിഡ് വായുവിലൂടെ പകരുമോ?; ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ

ജനീവ: കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യസംഘടന. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത ലോകാരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാര്‍, നേഴ്‌സ് തുടങ്ങിയവര്‍ക്കാണ് വായുവിലൂടെ രോഗബാധ ഉണ്ടാവാനുള്ള കൂടിയ സാധ്യത എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനു പുറമേ ആളുകള്‍ അടുത്ത് സമ്പര്‍ക്കത്തില്‍ വരുന്ന റെസ്‌റ്റോറന്റുകള്‍, പാര്‍ട്ടികള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈറസ് വായുവില്‍ തങ്ങിനിന്ന് ആളുകളിലേക്ക് പകരാം.

ശാരീരിക അകലം പാലിക്കുന്നത് മാത്രമാണ് ഇത്തരം രോഗവ്യാപനം തടയുന്നതിനുള്ള പോംവഴി. കൃത്യമായ വായുസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികള്‍ പോലുള്ള സ്ഥലങ്ങളാണെങ്കില്‍ രോഗാണുക്കള്‍ സാധാരണയില്‍ കൂടുതല്‍ നേരെ വായുവില്‍ തങ്ങിനിന്നേക്കാം. ഇതാണ് കൂടുതല്‍ അപകടകരം. കൊറോണ വൈറസിന് വായുവില്‍ 8 മുതല്‍ 14 മിനുട്ട് വരെ തങ്ങിനില്‍ക്കാനുള്ള കഴിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തുവന്നിരുന്നു.

SHARE