ജൂണില്‍ രാജ്യത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

രാജ്യത്ത് കോവിഡ് വ്യാപനം ഏപ്രില്‍, മേയ് മാസങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരിക്കും ജൂണിലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു വിലയിരുത്തല്‍. രണ്ടു മാസമായി തുടരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയും പ്രവാസികളുടെയും അതിഥിതൊഴിലാളികളുടെയും മടക്കം ഊര്‍ജിതമായതോടെയുമാണു രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്.

പരിശോധനയുടെ എണ്ണം വര്‍ധിച്ചതും വ്യവസായിക പ്രവര്‍ത്തനങ്ങള്‍ കൂടിയതും രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ബിഹാറിലെ കെയര്‍ ഇന്ത്യ ടീം ലീഡും പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ തന്മയി മഹാപത്ര പറഞ്ഞു.ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളു. ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ജൂണിലായിരിക്കും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുക. ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയായിരിക്കുമെന്നും മഹാപത്ര പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതിനു പിന്നാലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന അവസ്ഥയുണ്ടായിരുന്നു. ഇറാനില്‍ മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍. ചൈനയിലും ദക്ഷിണ കൊറിയയിലും ഇളവുകള്‍ക്കു പിന്നാലെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

SHARE