സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ചു പേര്‍ക്ക്


സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി സമ്പര്‍ക്കത്തിലൂടെയുണ്ടാകുന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് നേരിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ ആരംഭിച്ച ആന്റിബോഡി ടെസ്റ്റ് പുരോഗമിക്കുകയാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഏഴു പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ആറു പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള നാല് പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

SHARE