ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിവേഗം പടരുമ്പോള്‍ രോഗവ്യാപനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച ആരോഗ്യമന്ത്രാലയം രോഗം എപ്പോള്‍ കുറയും എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു സൂചന പോലും നല്‍കുന്നില്ല.
പ്രതിദിന രോഗബാധ അയ്യായിരത്തില്‍ നിന്ന് ആറായിരത്തിലേക്ക് കടന്നു. രോഗവ്യാപനം ഈ വിധമെങ്കില്‍ ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം രോഗികളെങ്കിലും രാജ്യത്തുണ്ടായേക്കാം. രോഗബാധ കൂടുന്നതോടെ കേന്ദ്രത്തില്‍ വലിയ ആശയക്കുഴപ്പം ദൃശ്യമാണ്. കൃത്യമായ വിശദീകരണം നല്‍കാത്ത ആരോഗ്യമന്ത്രാലയം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയില്‍ രോഗബാധ, മരണ നിരക്കുകള്‍ കുറവാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നെങ്കിലും രോഗബാധ പിടിച്ചുനിര്‍ത്തുന്നതിനെ സംബന്ധിച്ച വ്യക്തമായ ഒരു പദ്ധതിയും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടും രോഗനിര്‍ണ്ണയ ഫലം വളരെ വൈകിയാണ് പുറത്ത് വരുന്നത്. നേരത്തെ രണ്ട് തവണ കൊവിഡ് കണക്ക് പുറത്ത് വിട്ടിരുന്നത് ഇപ്പോള്‍ ഒറ്റത്തവണയാക്കി. രോഗവ്യാപനത്തെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്ന പതിവ് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല.