കോവിഡ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം


രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും രോഗികളെക്കൊണ്ട് നിറഞ്ഞ് കവിയുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കൊവിഡ് തീവ്രത മൂലം രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായി. നിലവില്‍ വെന്റിലേറ്ററുകളും നിറഞ്ഞ സാഹചര്യമാണുള്ളത്. മാത്രമല്ല, ജൂണ്‍ 25 ഓടെ ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ നിറയും.

മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകള്‍ നിറഞ്ഞ സാഹചര്യമാണുള്ളത്. ജൂലായ് 27 ഓടെ വെന്റിലേറ്ററുകളുടെ ലഭ്യതയും ഇല്ലാതാകും. ജൂലൈ ഒമ്പതോടെ തമിഴ്‌നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും നിറയും. അതുകൊണ്ട് തന്നെ ഹരിയാന, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ സേവന ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ആരോഗ്യ സംവിധാനങ്ങളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കി കര്‍മ്മ പദ്ധതി തയറാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളിലെ ആശുപത്രികള്‍ക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE