കോവിഡ്19; മരണസംഖ്യയില്‍ സ്‌പെയിന്‍ ചൈനയെ മറികടന്നു


മഡ്രിഡ്:പ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കുന്നതിനിടയിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. മരണനിരക്കില്‍ ചൈനയെ മറികടന്നിരിക്കയാണ് സ്‌പെയിന്‍. കോവിഡ് ബാധിച്ച് മരിച്ചവരില്‍ ലോകത്ത് രണ്ടാംസ്ഥാനം സ്‌പെയിനാണ്. 24 മണിക്കൂറിനിടെ 738 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ജീവനെടുത്തവരുടെ എണ്ണം 3434 ആയി. ചൈനയില്‍ 3281 ആണ് മരണനിരക്ക്. സ്‌പെയിനില്‍ മുമ്പത്തെ അപേക്ഷിച്ച് വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി 20 ശതമാനമായി വര്‍ധിക്കുകയാണ്.ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഡ്രിഡിലാണ്. കടുത്ത പ്രതിസന്ധിയിലാണ് ഇവിടുത്തെ ആശുപത്രികള്‍.

ഇറാനില്‍ വൈറസ് ബാധ തടയാന്‍ യാത്രവിലക്കും സാമൂഹിക വിലക്കും കര്‍ശനമാക്കി. ഇറാനിലെ മരണസംഖ്യ 2000 കടന്നു. ഇറാനില്‍ ബുധനാഴ്ച 143 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 2077 ആയി.27,017 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ ചൊവ്വാഴ്ച മാത്രം 743 പേരാണ് മരിച്ചത്. ആകെ മരണം 6820 ആയി. ചൈനയില്‍ മരണം 3281ആയി ഉയര്‍ന്നു.

സിഡ്‌നിയിലെ യാത്രക്കപ്പലില്‍ രോഗികള്‍ വന്നിറങ്ങിയതോടെ ആസ്‌ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. യൂറോപ്പിലുടനീളം ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ തുറക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശം നല്‍കി.ഫ്രാന്‍സില്‍ അടച്ചുപൂട്ടല്‍ ആറാഴ്ചകൂടി നീട്ടിയതായി പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.