ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് കേരളത്തിനു പുറത്ത് ആറു മലയാളികള്‍ കൂടി മരിച്ചു. ഗള്‍ഫില്‍ മൂന്നും ഡല്‍ഹിയില്‍ കന്യാസ്ത്രീ അടക്കം രണ്ടും മുംബൈയില്‍ ഒരാളുമാണു മരിച്ചത്. ആലപ്പുഴ ഭരണിക്കാവ് ഇലിപ്പക്കുളം മാരൂര്‍ തെക്കതില്‍ അമീന് മന്‍സിലില്‍ നദീര്‍ (51), കൊല്ലം ഓയൂര്‍ കുടവട്ടൂര്‍ മാരൂര്‍ അമ്പാടിയില്‍ വി.മധുസൂദനന് (58), കൊല്ലം അഞ്ചല്‍ ഏരൂര്‍ പത്തടി സ്വദേശി കൊടിവിള പുത്തന്‍വീട്ടില്‍ ഷരീഫ് (52) എന്നിവര്‍ സൗദിയിലാണു മരിച്ചത്.
കൊല്ലം കുമ്പളം സ്വദേശി സിസ്റ്റര്‍ അജയ മേരി(68) , പന്തളം കുംഭകാട് തെക്കേതില്‍ തങ്കച്ചന് മത്തായി(65) എന്നിവരാണു ഡല്‍ഹിയില്‍ മരിച്ചത്. പാലക്കാട് വാടാനംകുറിശ്ശി ഇടയൂര്പുത്തന് കുടുംബാംഗമായ ഉണ്ണിക്കൃഷ്ണന് ബി. മേനോന് (51) മുംബൈയില്‍ മരിച്ചു. നദീര്‍ റിയാദില്‍ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കള്‍: അമീന്, അസീം. സൗദിയില്‍ വെല്‍ഡറായ മധുസൂദനന്റെ ഭാര്യ പി.സുധര്‍മ. മക്കള്‍: ആതിര, അബി.റിയാദില്‍ അലക്കുകമ്പനി നടത്തുകയായിരുന്ന ഷരീഫിന്റെ ഭാര്യ: നജ്മുന്നിസ. 8 മക്കളുണ്ട്.
കൊല്ലം വിമലഹൃദയ ഫ്രാന്‍സിസ്കന്‍ സഭയുടെ ഡല്‍ഹി പ്രോവിന്സിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയിരുന്നു സിസ്റ്റര്‍ അജയ മേരി. ഡല്‍ഹി ഹസ്താലില് താമസിക്കുന്ന തങ്കച്ചന് മത്തായിയുടെ ഭാര്യ: പൊന്നമ്മ മത്തായി.