ഒരു കോവിഡ് പോലും റിപ്പോര്‍ട്ട് ചെയ്തില്ല, പ്രതിസന്ധിയിലും വിജയക്കൊടി നാട്ടി ഈ ഇന്ത്യന്‍ സംസ്ഥാനം

ഗാങ്‌ടോക്ക്: രാജ്യമുടനീളം കോവിഡ് പ്രതിസന്ധിയുടെ കയത്തില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ഏശാത്ത ഒരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍. ടിബറ്റിനോട് ചേര്‍ന്നു കിടക്കുന്ന സിക്കിം. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് വിസ്മയകരം.

ടൂറിസ്റ്റുകള്‍ക്ക് സംസ്ഥാനത്തേക്കുള്ള പ്രവേശനം നിഷേധിച്ചും വിദേശ അതിര്‍ത്തികള്‍ അടച്ചുമാണ് സിക്കിം കോവിഡിനെ പുറത്തു നിര്‍ത്തിയത്. മാര്‍ച്ച് അഞ്ചു മുതല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോര്‍ച്ച തയ്യാറായിട്ടില്ല. നാഥുല അന്താരാഷ്ട്ര അതിര്‍ത്തി വഴിയുള്ള സിനോ-ഇന്ത്യ വ്യാപാരവും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.

കോവിഡ് ഭീതി ഉയര്‍ന്ന ഉടന്‍ തന്നെ ചീഫ് സെക്രട്ടറി, ആരോഗ്യ-ടൂറിസം ഉദ്യോഗസ്ഥര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കോവിഡ് വ്യാപനം സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശവും നല്‍കി. പ്രാദേശിക അടിസ്ഥാനത്തിലും ഇത്തരത്തിലുള്ള ടാസ്‌ക് ഫോഴ്‌സിന് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഇതാണ് ഫലപ്രദമായ രീതിയില്‍ മഹാമാരിയെ ചെറുക്കാന്‍ സിക്കിമിന് കരുത്തായത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥനത്തേക്ക് 1,122 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവര്‍ക്കൊന്നും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൊത്തം 6,922 പേരാണ് തിരിച്ചു വരാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കിഴക്കന്‍ സിക്കിമില്‍ കുടുങ്ങിയ 686 ഇതര സംസ്ഥാനക്കാരെ ബസുകള്‍ വഴി സിക്കിം അവരുടെ നാടുകളിലേക്ക് പറഞ്ഞയച്ചിട്ടുമുണ്ട്.

ഭൂട്ടാന്‍, നേപ്പാള്‍, തിബറ്റ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ സിക്കിമിന്റെ പ്രധാന വരുമാനം ടൂറിസമാണ്. 2012ലെ കണക്കുകള്‍ പ്രകാരം 6.19 ലക്ഷമാണ് സംസ്ഥാന ജനസംഖ്യ.

SHARE