മണിക്കൂറുകള്‍ കോവിഡ് ഡ്യൂട്ടിയിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ പാന്റ്‌സിലൂടെ വിയര്‍പ്പൊഴുകുന്ന ദൃശ്യം; വൈറലായി വീഡിയോ

ലോകം കോവിഡ് മഹാമാരിയിലേക്ക് വീണു തുടങ്ങിയ കാലം മുതല്‍ വൈറസ് ബാധയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം പലതവണ വാര്‍ത്തയായതാണ്. ആരോഗ്യസുരക്ഷാ കവചങ്ങള്‍ക്കുള്ളില്‍ നിന്നും മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനാധ്വാനം വലിയ മതിപ്പോടെയാണ് ലോകം നോക്കിക്കണ്ടത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ പിപിഇ കിറ്റിനുള്ളില്‍ ജോലിയെടുക്കുന്ന നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇതിനകം വാര്‍ത്തയായിട്ടുണ്ട്.

എന്നാല്‍, കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ നിന്നുമുള്ള ഒരു വീഡിയോയാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ ഉറുംകിയില്‍ കോവിഡ് ഡ്യൂട്ടിയിലിരുന്ന ഒരു ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോയാണ് പുറത്തുവന്നത്. മണിക്കൂറുകളോളം ആരോഗ്യസംരക്ഷണ സ്യൂട്ടില്‍ ജോലി ചെയ്ത ശേഷം പിപിഈ കിറ്റിലെ പാന്റ്‌സ് കാലുകള്‍ ഊരിമാറ്റുമ്പോള്‍ കാലിലൂടെ വിയര്‍പ്പ് ഒഴുകുന്ന ദൃശ്യമാണത്. ചൈനീസ് മാധ്യമമായ പീപ്പിള്‍ ഡെയ്‌ലിയാണ് വിഡിയോ പുറത്തു വിട്ടത്.

ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്ന നിരവധി കമന്റുകളും വിഡിയോക്ക് പ്രതികരണമായുണ്ട്. നിങ്ങള്‍ അധ്വാനികളെ കണ്ടിട്ടുണ്ടോ, ഇവരാണ് ആ റിയല്‍ ഹീറോസ്, നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്താലും, വെള്ളമൊഴുകുംപോലെ വിയര്‍പ്പൊഴുകുന്ന ഒരു അധ്വാനം നിങ്ങള്‍ ചെയ്തിട്ടുണ്ടാവില്ല… ഇങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, ഈ വീഡിയെ വിശ്വസിക്കാന്‍ കഴിയുന്നതാണോ, പടച്ചുണ്ടാക്കിയതല്ലേ, യഥാര്‍ത്ഥ്യമെന്ത് തുടങ്ങിയ ചോദ്യങ്ങളും പ്രതികരണമായുണ്ട്.

SHARE