ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ആണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായിരിക്കെ രോഗബാധിതരുടെ എണ്ണം കുറഞ്ഞ തോതിലായിരുന്നു. സെപ്റ്റംബര്‍ മാസത്തിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 3ന് ഇന്ത്യ 9.86 ലക്ഷം സജീവ കൊവിഡ് കേസുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബര്‍ ഒന്നിന് രാജ്യത്ത് 10.15 ലക്ഷം സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് എസ്ഇആര്‍ മോഡല്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ രോഗികളുടെ എണ്ണം കുറയുകയും നവംബര്‍ ആദ്യത്തോടെ സജീവ കേസുകളുടെ എണ്ണം കുറഞ്ഞ നിലയിലേക്ക് എത്തുമെന്നും ഇവര്‍ പറയുന്നു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ തിരിച്ചടിയായത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ്. കേരളം, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ ആശങ്കയില്‍ തുടരുകയാണ്. ബെംഗളൂരു, പൂനെ എന്നീ നഗരങ്ങള്‍ പുതിയ കൊവിഡ് ഹോട്ട് സ്പോട്ടുകളാണ്. ചെന്നൈ, ബെംഗളൂരു, താനെ, പൂനെ നഗരങ്ങളില്‍ കോവിഡ് ബാധിതരാകുന്നവരുടെ വ്യക്തിഗത ശരാശരി 1.6ന് മുകളിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ കണക്കില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. കര്‍ണാടകയിലെയും ആന്ധ്രയിലെയും സജീവ കേസുകള്‍ കഴിഞ്ഞ 10 ദിവസങ്ങളിലായി ഉയരുകയാണ്. ഇന്ത്യയിലെ സജീവ കോവിഡ് കേസുകളില്‍ 31ശതമാനം മഹാരാഷ്ട്രയിലാണ്.
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് നടപടികളുമായി മുന്നോട്ട് പോകുന്നത് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യത ശക്തമാക്കുന്നുണ്ട്. ഇന്നലെ പുറത്തുവിട്ട അണ്‍ലോക്ക് 3.0 മാര്‍ഗനിര്‍ദേശത്തില്‍ ട്രെയിന്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല എന്ന തീരുമാനം മികച്ചതാണ്. വന്ദേഭാരത് മിഷന് തുടരും. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് അനുമതി ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും അടഞ്ഞ് കിടക്കും. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിലവിലുള്ള വിലക്ക് തുടരും. ജിം നേഷ്യങ്ങള്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരുന്ന അണ്‍ലോക് 3.0ലെ തീരുമാനങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ബാധകമല്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. മെട്രോ റെയില്‍, സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നിവ അടഞ്ഞ് കിടക്കും. എല്ലാവരും കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.