പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞയാള്‍ രക്ഷപ്പെട്ടു. 46 വയസ്സുള്ള ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞത്. മൂന്ന് ദിവസം മുന്‍പ് പഴനിയില്‍ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയില്‍ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.
കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തെരച്ചില്‍ തുടങ്ങി.
ജില്ലയില്‍ രണ്ടാം തവണയാണ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ മുങ്ങുന്നത്. ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങിയിരുന്നു. മധുര സ്വദേശിയായ ലോറിഡ്രൈവറാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലത്തൂരിലേക്ക് ലോഡിറക്കാന്‍ വന്നതായിരുന്നു ഇയാള്‍.
വയറുവേദനയെ തുടര്‍ന്നാണ് ഇയാള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ, ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവപരിശോധനയും നടത്തി. ഫലംകിട്ടിയ ദിവസം രാത്രി തന്നെ ചികിത്സയ്ക്ക് തയ്യാറാവാതെ കടന്നുകളയുകയായിരുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അവസാനമെത്തിയത് വിശാഖപട്ടണത്താണെന്ന് കണ്ടെത്തിയിരുന്നു.