അഞ്ചു സെകന്റ് കൊണ്ട് കോവിഡ് പരിശോധനാ ഫലമറിയാം; പുതിയ സാങ്കേതികവിദ്യയുമായി ഐ.ഐ.ടി പ്രഫസര്‍


ന്യൂഡല്‍ഹി: എക്‌സ്‌റേ സ്‌കാന്‍ ഉപയോഗിച്ച് അഞ്ച് സെക്കന്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തതായി റൂര്‍ക്കി ഐഐടി പ്രൊഫസര്‍. 40 ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് അധ്യാപകന്‍. പുതിയ സോഫ്റ്റ് വെയറിന്റെ ഫലപ്രാപ്തി വിലയിരുത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോടും (ഐസിഎംആര്‍) അദ്ദേഹം ആവശ്യപ്പെട്ടു.

ഐഐടിയിലെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസര്‍ കമല്‍ ജയിനാണ് പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്. പരിശോധനക്ക് വേണ്ടിവരുന്ന ചെലവ് കുറവാണെന്നത് മാത്രമല്ല, പരിശോധനക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന അപകട സാധ്യത ഇല്ലാതാവുകയും ചെയ്യുമെന്നും കമല്‍ ജയിന്‍ പറയുന്നു. അതേസമയം, ഇതുവരെയും ഒരു മെഡിക്കല്‍ സ്ഥാപനവും പ്രൊഫസറുടെ അവകാശ വാദം പരിശോധിക്കുകയോ ഫലപ്രാപ്തി വിലയിരുത്തുകയോ ചെയ്തിട്ടില്ല.

‘കോവിഡ് രോഗികളുടെയും ന്യുമോണിയ, ക്ഷയ രോഗികളുടേതും ഉള്‍പ്പെടെയുള്ള 60,000ത്തോളം എക്‌സ്‌റേ സ്‌കാനുകളുടെയും കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഡാറ്റാ ശേഖരം തയാറാക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. അമേരിക്കയില്‍ നിന്നുള്ള എക്‌സ്‌റേ ഡാറ്റാ ശേഖരവും വിശകലനം ചെയ്തു. ”- ജയിനിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

”ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു വ്യക്തിയുടെ എക്‌സ്‌റേ ചിത്രം അപ്ലോഡ് ചെയ്യാം. രോഗിയില്‍ ന്യുമോണിയ ലക്ഷണം ഉണ്ടോ എന്ന് തിരിച്ചറിയുക മാത്രമല്ല, അത് കോവിഡ് കാരണമാണോ അതോ മറ്റേതെങ്കിലും ബാക്ടീരിയ കാരണമാണോ എന്നും അറിയാനാകും. അഞ്ച് സെക്കന്റിനുള്ളില്‍ ഫലം അറിയാനാകും”- അദ്ദേഹം വ്യക്തമാക്കി.

പ്രാഥമിക പരിശോധനക്ക് ഈ സോഫ്റ്റ് വെയര്‍ സഹായകമാകുമെന്നും തുടര്‍ന്ന് ക്ലിനിക്കല്‍ ടെസ്റ്റിലൂടെ കൊറോണ വൈറസ് ബാധ ഉറപ്പിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. കോവിഡ് 19 കാരണമുള്ള ന്യുമോണിയ മറ്റ് ബാക്ടീരിയകള്‍ കാരണമുള്ളതിനെക്കാള്‍ വ്യത്യസ്തമാണ്. ബാക്ടീരിയ കാരണമുള്ള ന്യുമോണിയ ശ്വാസകോശത്തിന്റെ ചെറിയ ഭാഗത്തെ മാത്രം ബാധിക്കുമ്പോള്‍, കോവിഡ് കാരണം ഉണ്ടാകുന്ന ന്യുമോണിയ ശ്വാസകോശത്തെയാകെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.