ഡല്‍ഹിയിലെ ആദ്യ കോവിഡ് ബാധിതന് രോഗമുക്തി

ഡല്‍ഹിയിലെ ആദ്യ കോവിഡ് ബാധിതന് രോഗമുക്തി. ഡല്‍ഹിയ മയൂര്‍ വിഹാറില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചുകാരനാണ് കോവിഡില്‍ നിന്നും പൂര്‍ണമായി വിമുക്തി നേടിയത്. തലസ്ഥാനത്തെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തെ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഫെബ്രുവരി 22നാണ് ഇദ്ദേഹം ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നിരവധിയിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തുകയും, ഡല്‍ഹി ഹയാത്ത് ഹോട്ടലില്‍ വെച്ചു നടന്ന മകന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് രണ്ടിന് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷന്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

ഏഴു കോവിഡ്19 കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ഭേദമായത് ജനങ്ങളില്‍ ആശ്വാസം പകര്‍ന്നതായി ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, 14 സംസ്ഥാനങ്ങളിലായി 110 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ്19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേര്‍ക്കാണ്.

SHARE