കണ്ണൂരില്‍ ഉറവിടം കണ്ടെത്താത്ത രോഗബാധ; ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി

കണ്ണൂര്‍: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് ബാധ ആരോഗ്യവകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധമൂലം ഉണ്ടായ പല മരണങ്ങളും ഉറവിടം കണ്ടെത്താനാകാത്തതായിരുന്നു. കണ്ണൂരിലും ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതര്‍ക്ക് രോഗബാധ എങ്ങിനെയുണ്ടായി എന്നത് സംബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. നാലു പേരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുളളത്.

ഇതില്‍ രണ്ടുപേരുടെ പരിശോധനഫലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി പി.മെഹറൂഫ്, സബ് ജയിലിലെ റിമാന്‍ഡ് പ്രതികളായ ചെറുപുഴ,ചെറുകുന്ന് സ്വദേശികള്‍, അയ്യന്‍കുന്നിലെ ആദിവാസി യുവതി എന്നിവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചത്. വിദേശത്ത് നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് മെഹ്‌റൂഫിന് കോവിഡ് പകര്‍ന്നതെന്ന് അന്വേഷണങ്ങള്‍ക്കൊടുവില്‍ ആരോഗ്യവകുപ്പ് സ്ഥീരീകരിക്കുന്നു.

വീട്ടിലെത്തിയാണ് ബന്ധു മെഹ്‌റൂഫിനെ സന്ദര്‍ശിച്ചത്. ചെറുപുഴ സ്വദേശിയായ തടവുകാരന്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നാണ് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദഗദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്റെ നിഗമനം. ചെറുകുന്ന് സ്വദേശിയായ റിമാന്‍ഡ് പ്രതിക്ക് അതിഥി തൊഴിലാളികളുമായി സമ്പര്‍ക്കമുണ്ടായിരുന്നു, അങ്ങനെ രോഗം ബാധിച്ചിരിക്കാമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്ന അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങിയതിനാല്‍ ഇത് ഉറപ്പിക്കാന്‍ സാധിച്ചില്ല. ഗര്‍ഭിണിയായിരുന്ന അയ്യന്‍കുന്ന് സ്വദേശിനിയ്ക്ക് എങ്ങിനെ കോവിഡ് ബാധിച്ചുവെന്ന് വിദഗ്ദ്ധ സംഘത്തിന് ഇനിയും കണ്ടെത്താനായില്ല. ഇവരുടെ ആദ്യപരിശോധന ഫലം മാത്രമാണ് പോസിറ്റീവ് ആയത്. അതുകൊണ്ടു തന്നെ പരിശോധനയില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ചെറുകുന്ന് സ്വദേശിയായ തടവുപുള്ളിയുടെ കാര്യത്തിലും ഇതേസംശയം ആരോഗ്യവകുപ്പിനുണ്ട്.

SHARE