കോവിഡ് ബാധിതനായ ഡോക്ടര്‍ കോവിഡ് ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

നോയിഡ: കോവിഡ് ബാധിതനായ ഡോക്ടര്‍ ഐസോലേഷന്‍ വാര്‍ഡില്‍ തനിക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ലൈംഗികാതിക്രമം നടന്നെന്ന് പരാതി നല്‍കിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ഇരുപതുകാരി പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിതരായ ഒരു സ്ത്രീയെയും പുരുഷനെയും ഒരേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത് ആശുപത്രിയുടെ വീഴ്ചയാണെന്നും നിയമലംഘനമാണെന്നുമാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതും ആശുപത്രിയില്‍ അഡ്മിറ്റായതും.

ഒരു സ്ത്രീയെയും പുരുഷനെയും ഒരേ വാര്‍ഡില്‍ പ്രവേശിപ്പിച്ചതില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

SHARE