കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല; 12 പേര്‍ക്ക് വൈറസ് ബാധ കോഴിക്കോട് കര്‍ശന നിയന്ത്രണം

കോഴിക്കോട്: തിരുവനന്തപുരത്തിനു പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭയുടെ വിലയിരുത്തല്‍. കോഴിക്കോട്ടെ ഒരു ഫ്‌ലാറ്റുമായി ബന്ധമുള്ള 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനാലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഫ്‌ലാറ്റിലെ സാഹചര്യം, ഗുരുതരമാണെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു

മാസ്‌ക് ധരിച്ചും കൈ കഴുകിയുമെല്ലാം പൊതു ഇടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ പോലും ഫ്‌ലാറ്റുകളിലെത്തുമ്പോള്‍ എല്ലാം മറക്കുന്നതായാണ് കണ്ടെത്തല്‍. ഉറവിടം അറിയാന്‍ കഴിയാത്ത പോസിറ്റീവ് കേസുകള്‍ നഗരസഭാ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

പല ആവശ്യങ്ങള്‍ക്കും ഫ്‌ലാറ്റിലെത്തുന്ന ഡെലിവറി ബോയ് അടക്കമുള്ളവരുമായി ബന്ധം പുലര്‍ത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റിലുളളവര്‍ പുറത്തുപോയി വരുമ്പോള്‍ അണു വിമുക്തി നടത്തുന്നതിനുള്ള സജ്ജീകരണം അസോസിയേഷന്‍ ചെയ്യണം. തുടര്‍ച്ചയായി യാത്രകള്‍ ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷിക്കണം.

കേരളത്തിനു പുറത്തു നിന്ന് വരുന്നവര്‍ നിരീക്ഷണ കാലഘട്ടത്തിന് ശേഷവും കുറച്ചു കാലം ഫ്‌ളാറ്റിലുളളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫ്‌ലാറ്റുകളില്‍ യാതൊരു കാരണവശാലും കൂടിച്ചേരലുകള്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

SHARE