കോവിഡ് ലംഘനത്തിന് സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആറ്റിങ്ങല്‍ : കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. ആറ്റിങ്ങല്‍ എം.എല്‍.എ അഡ്വ. ബി സത്യനെതിരെ കേസെടുക്കാനാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജൂണ്‍ 10ന് നടന്ന പൊതുപരിപാടിയില്‍ എം.എല്‍.എ ഉള്‍പ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തതാണ് പരാതിക്കിടയാക്കിയത്.

ജൂണ്‍ പത്തിന് ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.

ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സിജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍എസ് രേഖ തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക. അന്ന് തന്നെ പൊതുപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി എത്തുകയായിരുന്നു.

SHARE