കോഴിക്കോട്: കോവിഡ് രോഗിയായ തൂണേരിയിലെ മത്സ്യവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ ജെജെ ചോമ്പാല എന്നു പേരുള്ള മത്സ്യവില്‍പ്പന കേന്ദ്രമാണ് ഇന്നലെ രാത്രി തകര്‍ത്തത്.
സിമന്റില്‍ ഉറപ്പിച്ച സ്റ്റാന്റ് ഉള്‍പ്പെടെയുള്ളവ തകര്‍ത്തിരിക്കുകയാണ്. ഷട്ടറിനും കേടുവരുത്തി. മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഇയാള്‍ തയാറായിരുന്നില്ലെന്ന പരാതി നേരത്തെയുണ്ട്.
ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പെട്ട നൂറ്റമ്പതിലേറെ പേരാണ് ക്വാറന്റൈനിലായത്. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്നു വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണിലാണ്.