കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ റൂട്ട്മാപ് തയ്യാറാക്കല്‍ നിര്‍ത്തുന്നു, പുതിയ സംവിധാനം ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ധനവ് ഉണ്ടാകുന്നതിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ റൂട്ട്മാപ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുന്നു. വലിയ അധ്വാനവും സമയവും വേണ്ടിവരുന്ന ഈ പ്രക്രിയകൊണ്ട് സമൂഹ വ്യാപനം തടയാന്‍ സാധിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. വൈറസ് വ്യാപനം മാറിയതിന്റെ സാഹചര്യത്തില്‍ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികക്കുപകരം പ്രദേശത്തിന്റെ കോവിഡ് മാപ്പിങ് നടത്താനാണ് പുതിയ തീരുമാനം.

സമ്പര്‍ക്കപ്പകര്‍ച്ചയുടെ സ്വഭാവം അടിസ്ഥാനപ്പെടുത്തിയാണ് മാപ് തയ്യാറാക്കുക. ഇതര ദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവര്‍ വഴിയുള്ള രോഗപ്പകര്‍ച്ച,പ്രാദേശിക സമ്പര്‍ക്കം,ഉറവിടമറിയാത്ത കേസുകള്‍ എന്നിങ്ങനെ വിശദാംശങ്ങളടക്കം ഇതിലുണ്ടാകും. ഓരോ ഇനത്തിനും ഓരോ നിറം നല്‍കിയാണ് മാപ്പിങ്.കഴിഞ്ഞ 28 ദിവസത്തിനിടെ ഇതരനാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരിലെ രോഗബാധിതരെ നീല നിറം കൊണ്ട് അടയാളപ്പെടുത്തും. ഇവരില്‍ നിന്നുള്ളവയടക്കം സമ്പര്‍ക്കപ്പകര്‍ച്ചക്ക് മഞ്ഞയും ഉറവിടമറിയാത്തവര്‍ക്ക് ചുവപ്പും നിറം നല്‍കും. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധക്ക് പച്ച നിറമാണ് നല്‍കുക.

SHARE