ചെങ്കള ടൗണില്‍ രണ്ട് വ്യാപാരികള്‍ക്ക് കോവിഡ്; മുഴുവന്‍ കടകളും അടച്ചിടാന്‍ നിര്‍ദേശം

കാസര്‍കോട്: ചെങ്കള ടൗണിലെ രണ്ട് വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചെങ്കളയിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ടൗണിലെ രണ്ട് പച്ചക്കറി വ്യാപാരികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിരവധിപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അധികൃതര്‍.

സംസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിച്ചത് ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ഐഎംഎ റിപ്പോര്‍ട്ട്. വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ ദിവസം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിച്ചതാണ് ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങാന്‍ കാരണം. പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചയാളില്‍ നിന്ന് മാത്രം 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. തലസ്ഥാനത്തുണ്ടായ മൂന്ന് മരണങ്ങളില്‍ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.

SHARE