സംസ്ഥാനത്ത് ഇനി ലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കോവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.

ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വീടുകളില്‍ നിരീക്ഷണം നല്‍കാം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിക്കോ നോഡല്‍ ഓഫീസര്‍ക്കോ അപേക്ഷ നല്‍കാം.വീട്ടില്‍ ഉള്ളവരുമായി ഒരു വിധത്തിലും ഉള്ള സമ്പര്‍ക്കം വരാതെ മുറിയില്‍ തന്നെ കഴിയുമെന്ന് ഉറപ്പും നല്‍കണം. ഇവര്‍ എല്ലാ ദിവസവും സ്വയം ആരോഗ്യ സ്ഥിതി വിലയിരുത്തണം.

എന്തെങ്കിലും പ്രശ്‌നങ്ങളോ ലക്ഷണങ്ങളോ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണം. ആരോഗ്യവാനായ ഒരാള്‍ രോഗിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാകണമെന്നും നിര്‍ദേശം ഉണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഉദേശിക്കുന്നിടത്ത് 60 വയസുകഴിഞ്ഞ ആളുകളോ ഗുരുതര രോഗം ബാധിച്ച മറ്റുള്ളവരോ ഉണ്ടാകരുത്. രോഗം സ്ഥിരീകരിച്ച ശേഷം 10ാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. നെഗറ്റീവ് ആയാലും ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു . ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണം എന്ന് ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതിയും നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ നിരീക്ഷണ സൗകര്യം നല്‍കുന്നത്.

SHARE