നിയമം ലംഘിച്ച് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ബന്ധുവിനെ സ്വീകരിച്ച സി.പി.എം നേതാവിനും കുടുംബത്തിനും കോവിഡ്

കാസര്‍ഗോഡ്: നിയമം പാലിക്കാതെ അന്യസംസ്ഥാനത്തുനിന്നും എത്തിയ ബന്ധുവിനെ സ്വീകരിച്ച സി.പി.എം പ്രാദേശികനേതാവിനും ഭാര്യക്കും രണ്ട് മള്‍ക്കും കോവിഡ് പോസിറ്റീവ്. നേതാവിന്റെ ഭാര്യ പഞ്ചായത്ത് അംഗം കൂടിയാണ്. ഇക്കഴിഞ്ഞ നാലിനാണ് ബന്ധു കൊറോണ പോസിറ്റീവ് കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നും ചരക്കുലോറിയില്‍ രഹസ്യമായി എത്തുന്നത്. അതിര്‍ത്തിയിലെത്തിയ ഇദ്ദേഹത്തെ രഹസ്യമായി വീട്ടിലെത്തിച്ചത് സി.പി.എം നേതാവായിരുന്നു.

മെയ് പതിനൊന്നിന് ബന്ധുവിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നേതാവിന്റേയും കുടുംബത്തിന്റേയും പരിശോധനാഫലം ഇന്നലെ പുറത്തുവന്നു. മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ ബന്ധുവിനെ കൊണ്ടുവന്നശേഷം നേതാവ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്‌സറേ റൂം എന്നിവിടങ്ങളില്‍ പ്രവേശിച്ചു. അടുത്തിടെ അന്തരിച്ച സി.പി.എം നേതാവിന്റെ സംസ്‌ക്കാരച്ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തതായി പറയുന്നു.

പൈവളിഗെ പഞ്ചായത്ത് അംഗമായ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. തൃശൂരിലെ രണ്ട് പ്രവാസികളെ സന്ദര്‍ശിച്ച മന്ത്രി ഏസി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകാത്തത് വിവാദമായിരുന്നു. മന്ത്രി പ്രവാസികളുമായി സംസാരിക്കുന്നത് ദേശാഭിമാനി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

SHARE