ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക്

വാഷിങ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ ദിനം പ്രതിവര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 49,86,332 ആയി. കോവിഡ് ബാധിച്ച് 3,24,910 പേരാണ് ഇതുവരെ മരിച്ചത്.

അമേരിക്കയില്‍ പുതിയതായി 20,280 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 1,552 പേര്‍ രാജ്യത്ത് മരിക്കുകയും ചെയതു. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93,533 ആയി. ബ്രസീലില്‍ പതിനാലായിരത്തിലേറെ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തിന് അടുത്തെത്തിയിട്ടുണ്ട്. ഇതോടെ ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. ബ്രസീലില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും അവിടെ നിന്നുവരുന്നവര്‍ വഴി അമേരിക്കയില്‍ രോഗമെത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് അറിയിച്ചു. അതുകൊണ്ടുതന്നെ യാത്രാവിലക്കിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ പുതിയ കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരത്തില്‍ താഴെ മാത്രമാണുള്ളത്. അതേസമയം ബ്രിട്ടനില്‍ രോഗവ്യാപന നിരക്കും മരണസംഖ്യയും ഉയരുകയാണ്. 2,48,818 പേരാണ് ഇവിടെ രോ?ഗബാധിതരായിട്ടുള്ളത്. മരണസംഖ്യ 35,000 കടന്നു.

2,78,803 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയിനില്‍ 27,778 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ 32,169 ആയി. ഫ്രാന്‍സില്‍ 1,80,809 പേരും ജര്‍മനിയില്‍ 1,77,827 പേരും രോഗബാധിതരായിട്ടുണ്ട്. തുര്‍ക്കി1,51,615, ഇറാന്‍1,24,603 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ 11ാം സ്ഥാനത്താണ് ഇന്ത്യ. കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ ഇന്ത്യ ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി.

SHARE