ആശങ്ക സൃഷ്ടിച്ച് ഇന്ത്യയില്‍ കോവിഡ് വ്യാപനം: 24 മണിക്കൂറിനുള്ളില്‍ 4987 പോസിറ്റീവ് കേസുകള്‍

ന്യൂഡല്‍ഹി: പരിഭ്രാന്തി സൃഷ്ടിച്ച് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ഡൗണ്‍ ഇന്ന് മൂന്നാംഘട്ടം പൂര്‍ത്തീയാക്കാനിരിക്കെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4987 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 90.927 ആയി. 53,936 ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. 2872 പേര്‍ രോഗത്തിന് കീഴടങ്ങി. 120 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.

അതേസമയം 24 മണിക്കൂറിനിടെ 4000 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. 34,108 രോഗികളാണ് ഇതുവരെ രോഗവിമുക്തി നേടിയത്. 30,706 കേസുകളോടെ മഹാരാഷ്ട്രയാണ് ഇപ്പോഴും ഏറ്റവുമധികം കോവിഡ് ബാധിച്ച സംസ്ഥാനം. ഗുജറാത്ത്(10988), തമിഴ്‌നാട്(10585), ഡല്‍ഹി(9333) എന്നിങ്ങനെയാണ് കോവിഡ് നിരക്കുകകള്‍. ഒന്നാം ലോക്ഡൗണ്‍ സമയത്തേക്കാള്‍ ആറിരട്ടി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

SHARE