ആരെ വിളിച്ചാലും ആദ്യം കേള്‍ക്കുന്നത് ടിന്റുമോളുടെ ശബ്ദം

കോട്ടയം: ഒരുമാസക്കാലത്തിലേറെയായി നമുക്ക് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കണമെങ്കില്‍ ‘നോവല്‍ കൊറോണ വൈറസ് രോഗം പടരാതെ തടയാനാകും’ എന്ന സന്ദേശം കേട്ടതിനു ശേഷമേ സാധിക്കുകയുള്ളൂ. കേരളത്തില്‍ ആരെ വിളിച്ചാലും കേള്‍ക്കുന്ന ശുദ്ധമലയാളത്തിലുള്ള ഈ ശബ്ദം ആരുടേതായിരിക്കും എന്നു പലരും ചിന്തിച്ചിട്ടുണ്ടാവും. വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റായ ടിന്റുമോള്‍ ജോസഫ് എന്ന പാലാക്കാരിയുടേതാണ് ഈ ശബ്ദസന്ദേശം.

മുണ്ടാക്കല്‍ തറപ്പേല്‍ ടി വി ജോസഫിന്റെയും മരങ്ങാട്ടുപള്ളി പൂവത്തിങ്കല്‍ ആലീസിന്റെയും മകളാണ് ടിന്റുമോള്‍. 24 വര്‍ഷമായി ടിന്റുമോളുടെ കുടുംബം താമസിക്കുന്നത് കര്‍ണ്ണാടകയിലെ സുള്ള്യയിലാണ്. റബ്ബര്‍ കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ ടിന്റുമോളുടെ ചെറുപ്പത്തില്‍ തന്നെ കര്‍ണ്ണാടകയിലേയ്ക്കു കുടിയേറിയെങ്കിലും മാതൃഭാഷയെ ഈ കുടുംബം കൈവിട്ടില്ല. സുള്ള്യയില്‍ തന്നെയായിരുന്നു സ്‌കൂള്‍ പഠനം. അതിനാല്‍ കന്നഡയിലും പ്രാവീണ്യം നേടി.

ഉപരിപഠനാര്‍ത്ഥം 2011-ല്‍ ഡല്‍ഹിയില്‍ എത്തിയ ടിന്റുമോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലില്‍ ചേര്‍ന്നു. പഠനത്തിനു ശേഷം നാടകം, നൃത്തം എന്നിവ അഭ്യസിച്ചു. ഇതിനിടെയാണ് പരസ്യ രംഗത്ത് എത്തിയത്.
മത്സര പരീക്ഷകള്‍ക്കു തയ്യാറെടുപ്പുകള്‍ക്കിടെ ടിന്റുമോളുടെ ഒരു പ്രഫസറുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ രംഗത്തേയ്ക്ക് കടന്നുവന്നത്. ദൂരദര്‍ശനിലെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയുടെ പരിപാടിക്കാണ് ആദ്യം ശബ്ദം നല്‍കിയത്. ഒട്ടേറെ പരസ്യങ്ങളും സര്‍ക്കാര്‍ അറിയിപ്പുകളും മലയാളത്തിലേക്കും കന്നഡയിലേക്കും മൊഴിമാറ്റം ചെയ്തു ശബ്ദം നല്‍കി.
ടി വി, റേഡിയോ പരസ്യങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതമായ ശബ്ദമാണെങ്കിലും കൊറോണ ബോധവല്‍ക്കരണ പരസ്യ ശബ്ദമാണ് ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചത്. ആദ്യ ശബ്ദം നല്‍കിയത് മാര്‍ച്ചിലാണ്.

ആദ്യ മൂന്നാഴ്ചയ്ക്കുശേഷം അതില്‍ മാറ്റം വരുത്തി. കൊറോണ രോഗികളോട് വിവേചനം പാടില്ലെന്ന മൂന്നാമത്തെ സന്ദേശമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഗൂഗിള്‍ ആപ്പിലൂടെയുള്ള കൊറോണ പരിശോധനയുടെ മലയാള ചോദ്യാവലിയും ടിന്റുമോളുടെ ശബ്ദത്തിലാണ്. ഏക സഹോദരന്‍ ടിബിന്‍ ജോസഫ് മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്നു.

SHARE