കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിനായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മരണനിരക്കും ഉയര്‍ന്ന തോതിലാണ്. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടെ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിനായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രോഗ തീവ്രതയും രോഗിയുടെ ആരോഗ്യനിലയും കണക്കാക്കിയുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, തീവ്രതത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തരംതിരിച്ചു. രോഗം മൂര്‍ച്ഛിച്ചവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും മാത്രം ആശുപത്രി വിടുന്നതിന് മുന്‍പായി സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മതിയെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന പ്രധാന കാര്യം.

ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ പുലര്‍ത്തുന്നവരും പരിശോധനകള്‍ക്ക് വിധേയമാകണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ച ഇവരുടെ ശരീരോഷ്മാവും പള്‍സും തുടര്‍ച്ചയായി പരിശോധനകള്‍ക്ക് വിധേയമാക്കും. 10 ദിവസങ്ങള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് നേടാമെങ്കിലും ആ ഘട്ടത്തില്‍ പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഈ സമയത്ത് കോവിഡ് പരിശോധനകളുടെ ആവശ്യമില്ല. ആശുപത്രിയില്‍ നിന്ന് പോയശേഷം ഏഴ് ദിവസം നിര്‍ബന്ധിതമായി ക്വാറന്റൈനില്‍ കഴിയണം. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചാല്‍ അധികൃതരെ വിവരമറിയിക്കണം.

തീവ്രത കുറഞ്ഞവരെ രണ്ടായി തിരിച്ചാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലാതാകുകയും അടുത്ത നാല് ദിവസത്തേക്ക് 95 ശതമാനത്തിന് മുകളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ നിലനില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് 10 ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് പോകാം. അല്ലാത്തപക്ഷം ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത് വൈകും. ഇവര്‍ ഏഴ് ദിവസം മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടല്‍ അധികൃതരെ ബന്ധപ്പെടണം.

തീവ്രത കൂടിയ കേസുകളുള്ളവരെ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ. ഇതില്‍ എച്ച്‌ഐവി രോഗികള്‍, അവയവം മാറ്റിവച്ചവര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മുന്‍പ് മാത്രം ടെസ്റ്റും രോഗം ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുന്‍പ് ഒരു കൊവിഡ് പരിശോധനയുമാണ് ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

SHARE