കോവിഡ് രോഗിയായ സ്ത്രീ മരിച്ചു; മകന്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മുംബൈ: കോവിഡ് രോഗിയായ സ്ത്രീ മരിച്ചതിനെച്ചൊല്ലി മകനും ബന്ധുക്കളും ചേര്‍ന്ന് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ ലാതൂര്‍ ജില്ലയിലാണ് സംഭവം. ലാതൂരിലെ ആല്‍ഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ജൂലൈ 25ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട അറുപതുകാരിയായ കോവിഡ് രോഗിയാണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഇവര്‍ക്ക് വിട്ടുമാറാത്ത മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ മകനും മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡോ ദിനേഷ് വര്‍മ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ ഡോ. ദിനേഷ് വര്‍മ സ്ത്രീയുടെ ആരോഗ്യനിലയെപ്പറ്റി ബന്ധുക്കളോട് സംസാരിച്ചിരുന്നു. ഇവരുടെ മരണശേഷം ഡോക്ടര്‍ ആശുപത്രിയിലെത്തിയപ്പോള്‍ സ്ത്രീയുടെ മകനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് മരണത്തെക്കുറിച്ച് സംസാരിച്ച് ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടെയാണ് യുവാവ് കത്തിയെടുത്ത് ഡോക്ടറെ കുത്തിയത്.

ദിനേഷ് വര്‍മയുടെ നെഞ്ചിലും കഴുത്തിലും കൈയിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗരുതരമായി പരിക്കേറ്റ ഡോക്ടര്‍ നിലവില്‍ ചികിത്സയിലാണ്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

SHARE