ഗുജറാത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപതുകാരന്റെ മൃതദേഹം ബസ് സ്റ്റാന്റില്‍ കണ്ടെത്തി. മെയ് പത്താം തിയ്യതിയാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയുടെ മൃതദേഹം പിന്നീട് മെയ് 15ന് ബി.ആര്.ടി.എസ് ബസ് സ്റ്റേഷന് സമീപം കണ്ടെത്തുകയായിരുന്നു.
രോഗിക്ക് വളരെ കുറച്ച് രോഗ ലക്ഷണങ്ങളേ ഉണ്ടായിരുന്നുവെന്നും അത് കൊണ്ട് തന്നെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ പറഞ്ഞതിനാല്‍ മെയ് 14 തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നതായും അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ ഡോ. എം.എം പ്രഭാകര്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം രോഗി ആരോഗ്യവാനായിരുന്നെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
ആശുപത്രി വാഹനത്തില്‍ തിരികെ കൊണ്ടുപോയ രോഗിയെ വീടിനടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടതാകാമെന്നും രോഗിയുടെ കുടുംബത്തിലുള്ളവരെ ഡിസ്ചാര്‍ജ് വിവരം അറിയിച്ചിരുന്നോവെന്ന കാര്യം കൃത്യമല്ലായെന്നും ഡോ. പ്രഭാകര്‍ പറഞ്ഞു. കോവിഡ് രോഗിയായിരുന്നിട്ടും കുടുംബത്തിലുള്ളവര്‍ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നതായും തങ്ങളോട് പ്ലാസ്റ്റിക് കൊണ്ട് മൂടാനാണ് ആവശ്യപ്പെട്ടതെന്നും രോഗിയുടെ മകന് ദ ക്വിന്റിനോട് പറഞ്ഞു. കോവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് അധികൃതരുടെ അനുവാദത്തോടെ ഇത്തരത്തില്‍ ചടങ്ങുകള്‍ നടന്നത്.