‘കോവിഡ് ബാധിതരുണ്ടോ, പാര്‍ട്ടിക്കു വരൂ; ആദ്യം രോഗിയായാല്‍ സമ്മാനം’

അലബാമ: കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ ലോകം മുഴുവന്‍ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുമ്പോള്‍ മനഃപൂര്‍വം കൊറോണ വൈറസിനെ വിളിച്ചുവരുത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. യു.എസിലെ അലബാമ സംസ്ഥാനത്ത് കോവിഡ് പാര്‍ട്ടികളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കോവിഡ്ബാധിച്ചവര്‍ പാര്‍ട്ടി നടത്തുകയും ഇതില്‍ പങ്കെടുക്കുന്നവരില്‍ ആര്‍ക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്നു കണ്ടെത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്നുണ്ട്.

കോവിഡ് ബാധിതര്‍ക്കു വേണ്ടി ടസ്‌കാലൂസയിലാണ് ഇത്തരം പാര്‍ട്ടി നടത്തിയത്. അസുഖബാധിതര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നു സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. മനഃപൂര്‍വം മറ്റുള്ളവര്‍ക്കു വൈറസ് ബാധിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നു സിറ്റി കൗണ്‍സില്‍ മെംബര്‍ സോണിയ മകിന്‍സ്ട്രി പറയുന്നു. കിംവദന്തിയാണിതെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്നു നടത്തിയ അന്വേഷണങ്ങളില്‍ സംഭവം സത്യമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നും മകിന്‍സ്ട്രി പറയുന്നു.

കോവിഡ് ബാധിതരെ വിളിച്ചു പാര്‍ട്ടി നടത്തുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ വച്ചിരിക്കുന്ന പാത്രത്തില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കുക. അതിനുശേഷം ആദ്യം കോവിഡ് സ്ഥിരീകരിക്കുന്ന ആള്‍ക്ക് പണം സ്വന്തമാക്കാം ഇതാണ് കോവിഡ് പാര്‍ട്ടികളുടെ ഉദ്ദേശ്യമെന്നും മകിന്‍സ്ട്രി പറയുന്നു.പാര്‍ട്ടി അരങ്ങേറുന്ന അലബാമയില്‍ ഇതുവരെ 39,000 കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1000 പേര്‍ മരിച്ചു.

SHARE